വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍; അഡ്മിന് എതിരെ കേസെടുക്കാനാവില്ല; യജമാനന്‍-ജോലിക്കാരന്‍ ബന്ധമല്ലെന്ന് ഹൈക്കോടതി

ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരിൽ  അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ് ഹൈക്കോടതിയുടെ പരാമർശം
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: വാട്‌സ്ആപ്പ്‌ ഗ്രൂപ്പുകളിൽ അം​ഗങ്ങളിൽ നിന്ന് കുറ്റകരമായ ഉള്ളടക്കങ്ങൾ വന്നാൽ അതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരിൽ  അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ് ഹൈക്കോടതിയുടെ പരാമർശം. ​

ഗ്രൂപ്പ് അം​ഗത്തിന്റെ പോസ്റ്റ് സെൻസർ ചെയ്യാനോ മയപ്പെടുത്താനോ അഡ്മിനു സാധിക്കില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാണിക്കുന്നു.   ‘ഫ്രണ്ട്സ്’ വാട്സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനുമായ ചേർത്തല സ്വദേശി മാനുവൽ തനിക്കെതിരായ കേസ് ചോദ്യം ചെയ്ത ഹർജിയിലാണ് കോടതി വിധി. മാനുവലിന് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. 

അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരമാണ് അഡ്മിനുള്ളത്‌

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ ഗ്രൂപ്പിലെ ഒരംഗം ഇട്ടതിന്റെ പേരിലാണ് മാനുവലിന് എതിരെ എറണാകുളം സിറ്റി പൊലീസ് കേസ്  രജിസ്റ്റർ ചെയ്തത്. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.  വാട്സാപ് ഗ്രൂപ്പ് അഡ്മിനും അംഗങ്ങളും തമ്മിൽ യജമാനൻ–ജോലിക്കാരൻ ബന്ധമോ തലവൻ–ഏജന്റ് ബന്ധമോ ഇല്ലെന്നു കോടതി വ്യക്തമാക്കുന്നു. ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്മിനു കൂടുതലായി ഉള്ളതെന്നു ബോംബെ, ഡൽഹി ഹൈക്കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാണിച്ചു. 

ശിക്ഷാനിയമത്തിൽ പ്രത്യേക വ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യത്തിന്റെ ധാർമികമായ ബാധ്യത ഉണ്ടാകു.  കലാപമുണ്ടാക്കാൻ നിയമവിരുദ്ധമായി സംഘം ചേരുമ്പോഴും പൊതുശല്യം ഉണ്ടാക്കുമ്പോഴും സ്ഥലമുടമയ്ക്കു ബാധ്യത വരുന്നത് നിയമത്തിൽ അത്തരം വ്യവസ്ഥ ഉള്ളതുകൊണ്ടാണ്. ഈ കേസിൽ ഉൾപ്പെട്ട പോക്സോ, ഐടി നിയമങ്ങളിലൊന്നും ഇത്തരം വ്യവസ്ഥയില്ലെന്നു കോടതി വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com