ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ചു; മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം; പഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2022 02:06 PM  |  

Last Updated: 25th February 2022 02:06 PM  |   A+A-   |  

MDMA hide on husband's bike

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി വണ്ടന്‍മേട്ടില്‍ മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് പിടിയിലായത്. 

ഭര്‍ത്താവിന്റെ ഇരുചക്ര വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു വെക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് നിരപരാധിയാണെന്ന് പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പുറത്തുവന്നത്. 

ഭര്‍ത്താവിനെ ജയിലിലാക്കിയ ശേഷം കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി. ഇവരുടെ കാമുകന്‍ വിദേശത്താണെന്നും പൊലീസ് സൂചിപ്പിച്ചു. കേസില്‍ സൗമ്യ, കൂട്ടുപ്രതികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന്‍ എന്നിവരും അറസ്റ്റിലായി. 

ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി എറണാകുളത്തുള്ള സംഘത്തെ നിയോഗിച്ചു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിച്ചു. 

തുടര്‍ന്ന് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിച്ചു. പിന്നീട് ഈ പദ്ധതിയും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ തീരുമാനിച്ചത്.