പട്ടാപ്പകല്‍ വീട്ടില്‍ കയറി ആക്രമണം; 2 യുവാക്കള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 09:01 PM  |  

Last Updated: 03rd January 2022 09:01 PM  |   A+A-   |  

youth_arrested

അറസ്റ്റിലായ യുവാക്കള്‍

 

തൃശൂര്‍:  വെറ്റിലപ്പാറയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിച്ചിറ വൈലാത്ര സ്വദേശികളായ ചിറ്റേത്ത വിഘ്‌നേശ്വരന്‍ (20),മഠപ്പാട്ടില്‍ സനില്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ വന്ന ബൈക്കും ആയുധവും പിടിച്ചെടുത്തിട്ടുണ്ട്. വടക്കുംഞ്ചേരി ജോസഫിന്റെ വീട്ടില്‍ കയറിയാണ് ആക്രമിച്ചത്. 

ഇടവഴിയിലൂടെ അമിത വേഗത്തില്‍ പോയ ബൈക്ക് യാത്രക്കാരോട് പതുക്കെ പോകാന്‍ പറഞ്ഞപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണമുണ്ടായത്. കൈയില്‍ കരുതിയ കത്തിയെടുത്ത് പ്രതികള്‍ ജോസഫിനേയും ഭാര്യയേയും കുത്താന്‍ ഓടിച്ചു. ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിഘനേശ്വരനെതിരെ വെള്ളിക്കുളങ്ങര പൊലീസിലടക്കം നിരവധി കേസുകള്‍ ഉണ്ട്. 

എന്നാല്‍ പട്ടാപ്പകല്‍ ദമ്പതികളെ ആക്രമിക്കാന്‍ ശ്രമിച്ച് വീട് കയറി ആക്രമണം നടത്തിയിട്ടും വേറെ കേസുകളില്‍ പ്രതികളായിട്ടും ഈ പ്രതികള്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമിട്ടാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. അതിരപ്പിള്ളി മേഖലയില്‍ കഞ്ചാവടക്കം ലഹരി വില്പന സജീവമായിട്ടും പൊലീസും എക്‌സൈസും യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.