കെ റെയില്‍: ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി, മാധ്യമ മേധാവിമാരേയും കാണും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 11:50 AM  |  

Last Updated: 03rd January 2022 11:50 AM  |   A+A-   |  

pinarayi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് എതിരെ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമസ്ഥാപന മേധാവികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഈമാസം 25നാണ് മാധ്യമ സ്ഥാപന പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. 

നേരത്തെ, പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തീരൂമാനിച്ചിരുന്നു. നാളെമുതലാണ് ഈ ചര്‍ച്ച ആരംഭിക്കുന്നത്. പതിനാല് ജില്ലകളിലേയും സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗത്തെ പ്രമുഖരുമായാണ് ചര്‍ച്ച നടത്തുന്നത്. ആദ്യ പരിപാടി തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാളെ രാവിലെ 11നടക്കും. 

27ന് മുമ്പ്  ജില്ലകളില്‍ യോഗങ്ങള്‍ പൂര്‍ത്തിയാക്കും. എറണാകുളത്ത് ആറിനും കൊല്ലത്ത് 12നും 14ന് പത്തനംതിട്ടയിലും 17ന് തൃശൂരും 20ന് കണ്ണൂരും യോഗം ചേരും.  

ഇതിന് സമാന്തരമായി സിപിഎം വിശദീകരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വീടുകള്‍ കയറി പ്രചാരണത്തിനാണ് സിപിഎം തീരുമാനം. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

'ഡിപിആര്‍ കാണാത്ത ആഘാത പഠനം അസംബംന്ധം'

ഡിപിആര്‍ കാണാതെ കെ റെയിലിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമെന്ന് ഇ ശ്രീധരന്‍. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ തന്നെ ഡിപിആര്‍ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രാക്ക് ഏതൊക്കെ വഴികളിലൂടെയാണ് പോകുന്നതെന്നും അലൈന്‍മെന്റും ട്രാക്കിന്റെ ഉയര്‍ച്ച താഴ്ചയും ചെരിവും കട്ടിങ്ങുമെല്ലാം നിശ്ചയിച്ചെങ്കില്‍ മാത്രമേ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ ഫലപ്രമദമാവുകയുള്ളു.

ട്രാക്ക് ഭൂമിയിലൂടെ പോകുന്നതിന്റെയും തൂണുകളില്‍ പോകുന്നതിന്റെയും ആഘാത പഠനം വ്യത്യസ്തമാണ്. ഇതു രണ്ടുതരത്തിലാണ് ചെയ്യേണ്ടതും. എവിടെയാണ് പാലങ്ങള്‍ വരുന്നത്, ചെറിയ പാലങ്ങള്‍ എത്ര, വലുതെത്ര ഇങ്ങനെയുള്ള വ്യക്തത ലഭിക്കാതെ പഠനം നടത്തുന്നത് ശരിയല്ല.

ജനത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാജയമാകുമെന്നും ശ്രീധരന്‍ പറഞ്ഞു.