ട്രെയിനില്‍ പൊലീസിന്റെ ക്രൂരത;യാത്രക്കാരന്റെ കരണത്തടിച്ചു, ബൂട്ടിട്ട് ചവിട്ടി പുറത്തിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 11:06 AM  |  

Last Updated: 03rd January 2022 11:06 AM  |   A+A-   |  

train_kerala_police

യാത്രക്കാരനെ മര്‍ദിക്കുന്ന പൊലീസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കണ്ണൂര്‍:ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന് ആരോപിച്ച് യാത്രക്കാരനോട് പൊലീസിന്റെ ക്രൂരത. മാവേലി എക്‌സ്പ്രസില്‍ വെച്ച് എഎസ്‌ഐ, യാത്രക്കാരനെ മര്‍ദിച്ചു. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചത്. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നു. റെയില്‍വെ പൊലീസില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയ എഎസ്‌ഐ പ്രമോദാണ് യാത്രക്കാരനെ മര്‍ദിച്ചത്. 

സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് ടിടിഇക്കൊപ്പം പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. 

യാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കാതെ ഇരിക്കുമ്പോഴാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്. മര്‍ദനം കണ്ടതോടെ യാത്രക്കാര്‍ ഇടപെട്ടു. എന്നാല്‍ യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം.  മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

എന്നാല്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മര്‍ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്‌ഐഐ പ്രമോദ് അവകാശപ്പെട്ടു. 

അതേസമയം, യാത്രക്കാരനെ മര്‍ദിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. അന്വേഷണത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി. മനുഷ്യത്വപരമല്ലാത്ത ഇടപെടല്‍ ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.