രൺജീത് വധം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; പിടിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 07:00 AM  |  

Last Updated: 03rd January 2022 07:05 AM  |   A+A-   |  

ranjith_sreenivasan_death1

കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത്

 

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വ​ദേശികളാണ് പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 12 ആയി. ഇതിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്നലെ രാത്രിയോടെ ഇവരുടെ കസ്റ്റഡി രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ഇവരെ ആലപ്പുഴയിൽ എത്തിച്ചു. ഇന്ന് വൈകീട്ടോടെ ഇവരെ കൂടുതൽ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും. ആലപ്പുഴ ന​ഗരത്തിൽ തന്നെ താമസിക്കുന്നവരാണ് പിടിയിലായത്. തിരിച്ചറിയിൽ പരേഡ് അടക്കം നടത്തേണ്ടതിനാൽ പൊലീസ് ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

കഴിഞ്ഞ മാസം 19നാണ് രൺജീത് കൊല്ലപ്പെടുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൃത്യത്തിൽ പങ്കെടുത്തത്. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. 

പിടിയിലായ 12 പേരിൽ കൊലയിൽ നേരിട്ട് പങ്കെടുത്തവരുടെ എണ്ണം ഇതോടെ ആറായി. ​ഗൂഢാലോചനയിൽ പങ്കെടുത്തവർ, തെളിവ് നശിപ്പിച്ചവർ ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇനി പത്ത് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

അതിനിടെ ഇന്നലെ റിമാൻഡ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.