അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തിടുക്കത്തിൽ വിവാഹം, പിറ്റേ ദിവസം മുങ്ങി; യുവതികളടക്കം 5 പേർ പിടിയിൽ, പറ്റിച്ചത് 50ഓളം പേരെ 

വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്
സജിത, കാര്‍ത്തികേയന്‍
സജിത, കാര്‍ത്തികേയന്‍

പാലക്കാട്: വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച് തട്ടിപ്പ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് സ്വദേശികളായ  കാർത്തികേയൻ, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 

ഡിസംബർ 12നാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടിൽ വിവാഹപരസ്യം നൽകിയിരുന്ന മണികണ്ഠനെ ബന്ധപ്പെട്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു സുനിലും സംഘവും. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്. വിവാഹം നടത്തിയ വകയിൽ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങി. തുടർന്ന് ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ വച്ച് മണികണ്ഠൻ സജിതയെ വിവാഹം കഴിച്ചു.  

വിവാഹത്തിന് ശേഷം സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനും എത്തി. എന്നാൽ അടുത്ത ദിവസം രാവിലെ സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നു. പിന്നാലെ ഇവരുടെ ഫോൺ പ്രവർത്തനരഹിതമായി. ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതിനാൽ മണികണ്ഠനും സുഹൃത്തുക്കളും അന്വേഷിച്ചിറങ്ങി. തുടർന്നാണ് എല്ലാം വ്യാജമാണെന്ന് അറിയുന്നത്. 

പ്രതികൾ സമാന രീതിയിൽ അൻപതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com