വാളയാർ ആർടിഒ ചെക്ക് പോസ്റ്റിലെ കൈക്കൂലി; ആറ് ഉ​ദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 07:51 PM  |  

Last Updated: 06th January 2022 07:51 PM  |   A+A-   |  

877faa6d41c53e419ff405ce465f16db

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലി പിടിച്ചെടുത്ത സംഭവത്തിൽ ആറ് ആർടിഒ ഉദ്യാ​ഗസ്ഥർക്ക് സസ്പെൻഷൻ. പരിശോധയിൽ 67,000 രൂപ പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും ഉദ്യോ​ഗസ്ഥർ സ്വീകരിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. 

കഴിഞ്ഞ ദിവസമാണ് വാളയാറിലെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടെ നിന്ന് 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഉ​ദ്യോ​ഗസ്ഥർ  ശേഖരിക്കുന്ന പണം ഓഫീസിൽ നിന്ന് പുറത്തു കടത്താൻ ഏജന്റുണ്ട്. ഇത്തരത്തിൽ ഏജന്റിന് കൈമാറിയ പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. 

സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. പിന്നാലെയാണ് ആറ് പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

പുലർച്ചെ രണ്ട് മണിയോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. എട്ട് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയും പണം കൈക്കൂലിയായി ഉ​ദ്യോ​ഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. തലേദിവസം രാവിലെ പത്ത് മണി മുതൽ രാത്രി 12 മണി വരെ സർക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്. 

വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഉദ്യോ​ഗസ്ഥൻ അടുത്തുള്ള ആശുപത്രിയിലും അഭയം തേടി. ഇവരെ വിജിലൻസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കൂടാതെ അതിർത്തി കടന്നെത്തുന്ന പച്ചക്കറി, പഴങ്ങൾ എന്നിവയും ഉദ്യോ​ഗസ്ഥർ കൈക്കൂലിയായി വാങ്ങാറുണ്ടെന്നും വിജിലൻസ് സംഘം വ്യക്തമാക്കിയിരുന്നു.