കഴിക്കാൻ പൊറോട്ട വേണം, നാട്ടുകാർക്ക് ശല്യമായ കരിങ്കുരങ്ങിന് കൂട്ടിനുള്ളിൽ സുഖവാസം; പണികിട്ടിയത് വനപാലകർക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 07:49 AM  |  

Last Updated: 08th January 2022 07:49 AM  |   A+A-   |  

Nilgiri_langur_monkey

പ്രതീകാത്മക ചിത്രം

 

നിലമ്പൂര്‍; പല പ്രാവശ്യം കാട്ടിലേക്ക് വിട്ടതാണ്, പക്ഷേ പോയ പോലെ തിരിച്ചുവരും. നാട്ടുകാരുടെ വീട്ടിൽ കയറും ചിലപ്പോൾ സാധനങ്ങളെല്ലാം നശിപ്പിക്കും. അങ്ങനെയാണ് ശല്യക്കാരൻ കരിങ്കുരങ്ങിനെ പിടിച്ച് വനപാലകർ കൂട്ടിലിടുന്നത്. എന്നാൽ കൂട്ടിലാണെങ്കിലും കരിങ്കുരങ്ങിന് ഇത് സുഖവാസമാണ്. മൂന്ന് നേരം സുഭിക്ഷ ഭക്ഷണം കിട്ടും, കൂട്ടത്തിൽ ഇഷ്ട ഭക്ഷണമായ പൊറോട്ടയും. നെല്ലിക്കുത്ത് വനമേഖല പരിസരത്ത് നിന്ന് പിടികൂടിയ കരിങ്കുരങ്ങ് നിലമ്പൂര്‍ ആര്‍ആര്‍ടി ഓഫീസ് പരിസരത്തെ കൂട്ടില്‍ വനപാലകരുടെ സംരക്ഷണത്തില്‍ കഴിയുന്നത്. 

പലവട്ടം കാട്ടിലേക്ക് അയച്ചും പോയപോലെ തിരിച്ചെത്തും

നെല്ലിക്കുത്ത് വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പ്രദേശവാസികള്‍ക്ക് ശല്യകാരനായിരുന്ന ഇതിടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് കൂട്ടിലാക്കുന്നത്. പടുക്ക , ചേരംമ്പാടി, കക്കാടംപൊയില്‍ വനമേഖലയിലും നാടുകാണി ചുരത്തിലും പലതവണ വിട്ടെങ്കിലും കരിങ്കുരങ്ങ് ജനവാസ കേന്ദ്രത്തിലേക്ക്  തന്നെ തിരിച്ചെത്തും.  ശല്യകാരനായ കുരങ്ങ് വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതോടെയാണ് വീണ്ടും കൂട്ടിലാക്കിയത്. എവിടെ കൊണ്ടുവിട്ടാലും വീണ്ടും തിരിച്ചു വരുന്നതാണ് വനപാലകർക്ക് തലവേദനയായിരിക്കുന്നത്. 

പൊതുവില്‍ കരിങ്കുരങ്ങ് ജനങ്ങളോട് അടുക്കില്ലെന്ന് പറയുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കഴിയാനാണ് ഈ കരിംകുരങ്ങിന് ഇഷ്ടം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്തനിലയില്‍  സുരക്ഷിതമായ സ്ഥലത്ത് കരിങ്കുരങ്ങിനെ വിട്ടുനല്‍കാന്‍ കത്ത് നല്‍കി കാത്തിരിക്കുകയാണ് ആര്‍ ആര്‍ ടിയിലെ വനപാലകര്‍. നടപടികള്‍ പൂര്‍ത്തികരിച്ച് മൃഗശാലകള്‍ക്കോ  ജന്തുശാസ്ത്ര വിഭാഗത്തിനോ കൈമാറാനും ശ്രമം നടക്കുന്നുണ്ട്.