ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക്; വിവിധ ഇടങ്ങളിൽ പൊതുദർശനം, കടന്നു പോകുന്ന വഴികൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 06:48 AM  |  

Last Updated: 11th January 2022 06:48 AM  |   A+A-   |  

dheeraj

കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌

 

ഇടുക്കി: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജിൽ കെഎസ്‌യു പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഇവിടേനിന്ന് മൃതദേഹം വിലാപയാത്രയായി ധീരജിന്റെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ ഇടങ്ങളിൽ പൊതുദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

വിവിധ ഇടങ്ങളിൽ പൊതുദർശനം

ഇടുക്കി ജില്ലാ കമ്മറ്റി  ഓഫീസിൽ രാവിലെ ഒമ്പത് മണിക്കെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്. മൃതദേഹം മാഹി പാലത്തിൽനിന്ന് ജില്ലയിലെ പ്രവർത്തകർ ഏറ്റുവാങ്ങി തലശ്ശേരി, മീത്തലെപ്പീടിക, മുഴപ്പിലങ്ങാട് കുളംബസാർ, തോട്ടട ഗവ. പോളി ടെക്‌നിക്‌, താഴെചൊവ്വ, കണ്ണൂർ തെക്കിബസാർ, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധർമശാല എന്നിവിടങ്ങളിൽ ആംബുലൻസിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. തളിപ്പറമ്പിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും.

കടന്നു പോകുന്ന വഴികൾ

രാവിലെ 9:30ന് അശോക കവല 10 മണിക്ക് തൊടുപുഴ 10:30ന് മൂവ്വാറ്റുപുഴ 11 മണിക്ക് പെരുമ്പാവൂർ 12 മണിക്ക് അങ്കമാലി 1 മണിക്ക് തൃശ്ശൂർ 1:45ന് എടപ്പാൾ 2:15ന്  കോട്ടയ്ക്കൽ 3:30ന് കോഴിക്കോട് 4 മണിക്ക് കൊയ്‌ലാണ്ടി 4:30ക്ക് വടകര 5 മണിക്ക് തലശ്ശേരി 5:30ന് കണ്ണൂർ 6 മണിക്ക് തളിപ്പറമ്പ്

വീടിനോട് ചേർന്ന് അന്ത്യവിശ്രമം

ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഇവിടെ മൃതദേഹം സംസ്‌കരിക്കും. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ ജൻമനാടായ തളിപ്പറമ്പിൽ ഇന്ന് നാലുമണിക്ക് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിൽ കുത്തിയത് താനാണ് നിഖിൽ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ചു പേരിൽ ആരെയൊക്കെ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും.