'ദൈവത്തിന് സ്തുതി'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; കോടതി വളപ്പില്‍ മധുരം വിതരണം ചെയ്ത് അനുയായികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 11:49 AM  |  

Last Updated: 14th January 2022 11:51 AM  |   A+A-   |  

Franco mulakkal

ഫയല്‍ ചിത്രം

 

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി കേട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. അഭിഭാഷകരെ കണ്ട് ബിഷപ്പ് നന്ദിയും അറിയിച്ചു. പിന്നീട് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍, ദൈവത്തിന് സ്തുതി എന്നുമാത്രമാണ് ഫ്രാങ്കോ പ്രതികരിച്ചത്.

ബിഷപ്പിനെ വെറുതെ വിട്ടുവെന്ന വിധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ എതിരേറ്റത്. ബിഷപ്പ് ഫ്രാങ്കോയെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കോടതി വളപ്പില്‍ മധുരവിതരണവും നടത്തി. 

അതിനിടെ, കോടതി വിധി പുറത്തുവന്നയുടന്‍ ജലന്ധര്‍ രൂപത ബിഷപ്പിനൊപ്പം നിന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും കോട്ടയത്ത് വിതരണം ചെയ്തു. ജലന്ധര്‍ രൂപത പിആര്‍ഒയുടെ വാര്‍ത്താക്കുറിപ്പാണ് വിതരണം ചെയ്തത്. കേസില്‍ ഫ്രാങ്കോ നിരപരാധിയാണെന്ന് സഭയ്ക്ക് ഉറപ്പുണ്ടായിരുന്നു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്.  105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് പ്രസ്താവിച്ച കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.