'വളർത്തുമകളെ കൊന്നത് ഞങ്ങളെന്നു വരുത്തി, കൊടിയ പൊലീസ് പീഡനം, ഒരു കൊല്ലമായി ‍ഞങ്ങൾ നരകിക്കുന്നു'; അവസാനം സത്യം തെളിഞ്ഞു

'മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോൾ സഹിക്കാനായില്ല. ഞങ്ങൾക്കു വയസ്സായി. ജയിലിൽ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്'
അറസ്റ്റിലായ റഫീക്കാ ബീവിയും മകൻ ഷെഫീക്കും
അറസ്റ്റിലായ റഫീക്കാ ബീവിയും മകൻ ഷെഫീക്കും

തിരുവനന്തപുരം; ഒരു വർഷമായി നെഞ്ചു നീറി കഴിയുകയായിരുന്നു വയോധികരും രോഗികളുമായ ആ ദമ്പതികൾ. നാട്ടുകാരെല്ലാം ഇവരെ വളർത്തുമകളുടെ കൊലപാതകികളായാണ് കാണുന്നത്. പൊലീസിന്റെ പീഡനങ്ങൾ വേറെ. അവരുടെ കണ്ണീരിനും പ്രാർഥനകൾക്കും ഫലമായി അവസാനം സത്യം പുറത്തുവന്നിരിക്കുകയാണ്. വിഴിഞ്ഞത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളാണ് മുൻപ് ചെയ്ത കൊലപാതകവും സമ്മതിക്കുകയായിരുന്നു.

14കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

2021 ജനുവരി 14നാണ് ആഴാകുളത്ത് പതിനാലുകാരിയെ വീട്ടിൽ തലയ്ക്കടിയേറ്റ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വയോധികരായ ദമ്പതികളുടെ വളർത്തു മകളായിരുന്നു . കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം.

‘‘പല തവണ ചോദ്യം ചെയ്തു. ഭർത്താവിന്റെ ഉള്ളംകാലിൽ ചൂരൽ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളിൽ സൂചി കുത്തുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോൾ സഹിക്കാനായില്ല. ഞങ്ങൾക്കു വയസ്സായി. ജയിലിൽ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്. പീഡനം സഹിക്കാനാകാതെ ഞാൻ പറഞ്ഞു: ഞങ്ങൾ തന്നെയാണ് അവളെ കൊന്നത്. അപ്പോൾ, എങ്ങനെ കൊന്നു എന്നു പറയണമെന്നായി. ഞാൻ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു. ആ തടിക്കഷണം പൊലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാൽ എടുത്തോണ്ടു പോയി. ഒരു കൊല്ലമായി ‍ഞങ്ങൾ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണു കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല- കാൻസർ ബാധിതയായ ആ അമ്മ പറഞ്ഞു. 

വയോധികയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി

വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ 2 ദിവസം മുൻപാണ് റഫീക്കാ ബീവിയേയും (50) മകൻ ഷെഫീക്കി(23)നേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിലാണ് കുട്ടിയെ കൊലപ്പെടുത്തിയത് സമ്മതിച്ചത്.  ഇവരുടെ വീടിനടുത്തു 4 വർഷം പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്നു. രക്ഷിതാക്കൾ തൊഴിലുറപ്പു ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു. വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോൾ ഷെഫീക് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരിൽ ഇടിച്ചെന്നും ഷെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com