'രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയത?'; ആരോപണത്തിലുറച്ച് കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2022 11:42 AM  |  

Last Updated: 18th January 2022 11:42 AM  |   A+A-   |  

kodiyeri balakrishnan

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്ല എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ നിലപാട് മാറ്റത്തെയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും കോടിയേരി പറഞ്ഞു. ' ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയത? ആ വര്‍ഗീയതയെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമില്ലാത്തത്. അപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം എന്താണ്' എന്ന് കോടിയേരി ചോദിച്ചു. 

കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും മതേതരത്വ സ്വഭാവം ഉണ്ടെന്ന് കാണിക്കാന്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ നേതൃനിരയുണ്ടായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ എല്‍ ജേക്കബിനെ കെപിസിസി പ്രസിഡന്റാക്കി. എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ കെ മുരളീധരനെ പ്രസിഡന്റാക്കി. കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കി. അപ്പോഴൊക്കെ മതേതരത്വം കാത്തുസൂക്ഷിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. ആ കീഴ്‌വഴക്കം ലംഘിക്കാന്‍ കാരണമെന്താണ്? ശേീയ തലത്തില്‍ കോണ്‍ഗ്രസില്‍ വന്നുകൊണ്ടിരിക്കുന്ന നിലപാടാണ്. രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞിരിക്കുന്നത് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമണ്, ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടത് എന്നാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനകത്തുള്ള ന്യൂനപക്ഷ നേതാക്കളെ അവഗണിച്ചു. 

തന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദിനോയും ഗുലാം നബി ആസാദിനോടും ചോദിക്കണമെന്നും അവരുടെ നിലപാട് എന്താണെന്ന് അറിയണമെന്നും കോടിയേരി പറഞ്ഞു. 

എസ്പിമാരേയും കലക്ടര്‍മാരേയും വരെ സാമുദായിക അടിസ്ഥാനത്തില്‍ വീതം വെച്ച് എടുത്തവരാണ് യുഡിഎഫ്. രാഹുല്‍ ഗാന്ധിയുടെ നിലപാട് ആര്‍എസ്എസ് നിലപാടിന് സമാനമാണ്. അതേ നിലപാടാണ് കോണ്‍ഗ്രസ് പിന്തുടരുന്നത് എന്നും കോടിയേരി പറഞ്ഞു.