കൊല്ലം : അച്ഛനൊപ്പം ഉത്സവപ്പറമ്പിൽ കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ കാണാതായി. പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് കാണാതായത്. ക്ഷേത്രത്തിനുസമീപം വഴിയരികിൽ നിർത്തിയിട്ടിയിരുന്ന ലോറിയിൽ കയറി കിടന്നുറങ്ങിയ കുട്ടി 75 കിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തിക്കടുത്ത് ആര്യങ്കാവിലാണ് എത്തിയത്.
ഞായറാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാതായത്. പുലർച്ചെ മൂന്ന് മണിയോടെ കുമാറിന്റെ കടയ്ക്കുസമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കയറി കാർത്തിക് കിടന്നുറങ്ങി. കുട്ടി ലോറിയിലുണ്ടെന്നറിയാതെ ലോറിക്കാർ സിമന്റെടുക്കാനായി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. കുട്ടിയെ കാണാതെ പേടിച്ച് കുമാർ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസിനെയും വിവരമറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തി.
രാവിലെ എട്ട് മണിയോടെ ലോറി ആര്യങ്കാവിലെത്തിയപ്പോൾ പിന്നിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഡ്രൈവർ വണ്ടി നിർത്തിയത്. ഇവർ ഇക്കാര്യം ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ അറിയിച്ചു. പന്തളത്തുനിന്ന് കുമാറും പൊലീസും തെന്മലയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക