സര്‍ക്കാരിന് ഭയം, ഓര്‍ഡിനന്‍സ് മന്ത്രി ബിന്ദുവിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനെന്ന് ചെന്നിത്തല; ഗവര്‍ണര്‍ക്ക് പ്രതിപക്ഷത്തിന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2022 10:46 AM  |  

Last Updated: 25th January 2022 10:46 AM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ബിന്ദുവിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്ര തിടുക്കപ്പെട്ട് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്തയുടെ പരിഗണനയിലാണ്. 

ആ കേസ് അന്തിമഘട്ടത്തിലേക്കെത്തുമ്പോള്‍ ബിന്ദു രാജിവെച്ചുപോകേണ്ട സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാമത്തെ കേസ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയുടെ വിനിയോഗത്തെ സംബന്ധിച്ച പരാതിയാണ്. ഈ രണ്ടുകേസിലും എതിരായ വിധിയുണ്ടാകുമെന്ന ഭയപ്പാടാണ്, ലോകായുക്തയുടെ പല്ല് പറിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ചെന്നിത്തല ആരോപിച്ചു. 

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്തയ്ക്ക് അഴിമതിക്കേസുകളില്‍ വിധിക്കാനുള്ള അധികാരം എടുത്തുകളയുകയാണ്. ലോകായുക്തയ്ക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരമേ ഉണ്ടാകൂ. അങ്ങനെ ശുപാര്‍ശ ചെയ്താല്‍ മൂന്നുമാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയറിങ് നടത്തി തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 

മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്ര ധൃതിപിടിച്ച് ലോകായുക്തയുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്ന നടപടി ഉണ്ടായത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അടുത്തമാസം നിയമസഭ സമ്മേളനം ചേരാനിരിക്കെ, മുഖ്യമന്ത്രി വിദേശത്തായിരിക്കെ, 15 മിനുട്ട് മാത്രം ചേര്‍ന്ന കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇത്രയും സുപ്രധാനമായ ഓര്‍ഡിനന്‍സിന് എങ്ങനെ സര്‍ക്കാരിന് കഴിഞ്ഞു എന്ന് ചെന്നിത്തല ചോദിച്ചു. 

ലോക്പാല്‍ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും, പൊതുജീവിതത്തിലെ അഴിമതികള്‍ ഇല്ലാതാക്കണമെന്നും നിരന്തരം വാദിച്ചുകൊണ്ടിരുന്ന ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ലോകായുക്തയ്ക്ക് നിലവിലുള്ള അഴിമതി നിരോധനത്തിന് വേണ്ടിയിട്ടുള്ള നിയമം പരിപൂര്‍ണമായി വെള്ളം ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനം പത്രക്കുറിപ്പില്‍ വ്യക്തമാക്കാത്തത് ഗുരുതരമായ വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു. 

ഈ വിഷയത്തില്‍ സിപിഎം മറുപടി പറയണം. ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമ പ്രശ്‌നത്തിലേക്ക് വഴിവയ്ക്കും. ഇതിനേക്കാള്‍ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടത് . ലോകായുക്തയുടെ അധികാരം കവര്‍ന്നുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ഗവര്‍ണര്‍ ഒപ്പിടരുതെന്ന് വി ഡി സതീശന്‍

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ നീക്കം ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കാനാണ്. നിയമസഭാ സമ്മേളനം ഫെബ്രുവരിയില്‍ ചേരാനിരിക്കെ, ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നത് ദുരൂഹമാണ്. കേരളത്തിലെ സിപിഎം പ്രാദേശിക പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ലോകായുക്തയുടേതായാലും കെ റെയിലിന്റേതായാലും കാര്യത്തില്‍ സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടികളെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.