ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടു; അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് 21 കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2022 08:21 AM  |  

Last Updated: 25th January 2022 08:21 AM  |   A+A-   |  

ananthu

അപകടത്തിൽ മരിച്ച അനന്തു/ ടെലിവിഷൻ ദൃശ്യം

 

കോട്ടയം: അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്തു (21) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിൽ അനന്തുവിന്റെ വീടും തകർന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടിരുന്നു.

ദേശീയപാതയിൽ നിർമലാരാം ജംക്‌ഷനിൽ വെച്ചായിരുന്നു അപകടം. ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ആയുർവേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി.

തിരികെ നാട്ടിലെത്തി കെട്ടിടനിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്. കർണാടകയിൽ ടാപ്പിങ് തൊഴിലാളിയാണ് പിതാവ് ബിജു. അമ്മ രാധ തൊഴിലുറപ്പ് തൊഴിലാളിയും. ആതിര സഹോദരിയാണ്.