'അവനവന്‍ തന്നെ ജഡ്ജിയാകുന്ന സ്ഥിതി'; ഓര്‍ഡിനന്‍സിന് പിന്നില്‍ മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടാകുമോ എന്ന ഭയം: വി ഡി സതീശന്‍

ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള മന്ത്രി പി രാജീവിന്റെ ന്യായീകരണം അടിസ്ഥാനരഹിതമാണ്
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചുള്ള മന്ത്രി രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റേയും പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശക്തമായ വിധി ഉണ്ടാകുമോ എന്ന ഭയമാണ് ഓര്‍ഡിനന്‍സിന് പിന്നിലെന്നും സതീശന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിധി ഉണ്ടാകുമോ എന്ന് സിപിഎമ്മും സര്‍ക്കാരും ഭയക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രി ബിന്ദുവിനേയും രക്ഷിക്കാന്‍ വേണ്ടിയാണ് നിയമഭേദഗതിയെന്ന് കോടിയേരിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

രാജീവിന്റെ വാദം തെറ്റാണ്

ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള നിയമമന്ത്രി പി രാജീവിന്റെ ന്യായീകരണം അടിസ്ഥാനരഹിതമാണ്. കോടതിയിലെ കേസ് 12-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. സര്‍ക്കാരിന്റെ നിലവിലെ നടപടി 14-ാം വകുപ്പുമായി ബന്ധപ്പെട്ടാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

മുന്‍മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി 14-ാം വകുപ്പ് പ്രകാരമായിരുന്നു. മന്ത്രി ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതിയുള്ളത്. ആര്‍ട്ടിക്കിള്‍ 164നെയും നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരായ നടപടി പുനഃപരിശോധിക്കേണ്ടത് എക്‌സിക്യൂട്ടീവ് അല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഒരു മന്ത്രിക്കെതിരായ കേസില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്താല്‍ എങ്ങനെ ശരിയാകും. അവനവന്‍ തന്നെ ജഡ്ജിയാകുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിമാരായിരുന്നവരാണ് ലോകായുക്തയാകുന്നത്. 

കോടതി വിധി എങ്ങനെ മുഖ്യമന്ത്രി പുനഃപരിശോധിക്കും?

ജുഡീഷ്യല്‍ സംവിധാനത്തിലൂടെ അവര്‍ എടുക്കുന്ന തീരുമാനത്തെയാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ അപ്പലേറ്റ് അതോറിറ്റിയായി മാറുന്നു. ജുഡീഷ്യല്‍ സംവിധാനത്തിലൂടെ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാന്‍ എങ്ങനെയാണ് മുഖ്യമന്ത്രിക്കും സെക്രട്ടേറിയേറ്റിലെ സെക്രട്ടറിമാര്‍ക്കും സാധിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. 

അപ്പീല്‍ പ്രൊവിഷന്‍ വെച്ചോളൂ

അതിനോട് ഒരിക്കലും യോജിക്കാനാകില്ല. മന്ത്രിക്കെതിരായ തീരുമാനം വന്നാല്‍ അത് സ്വീകരിക്കണമോ എന്നത് തീരുമാനിക്കുള്ള അധികാരം മുഖ്യമന്ത്രിക്ക് വന്നാല്‍ എന്താകും സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അപ്പീല്‍ പ്രൊവിഷനില്ല എന്നാണ് പ്രധാനവാദം. അപ്പീല്‍ പ്രൊവിഷന്‍ വെച്ചോ, പ്രതിപക്ഷത്തിന് വിരോധമില്ല. ഭേദഗതി കൊണ്ടുവന്ന് ഹൈക്കോടതിയിലേക്ക് അപ്പീല്‍ പോകാനുള്ള പ്രൊവിഷന്‍ വെച്ചോളൂ. 

എന്നാല്‍ ഈ പ്രൊവിഷന്‍ ഇല്ലാതിരുന്നിട്ടും ലോകായുക്തയുമായി ബന്ധപ്പെട്ട വിധിയില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയാനിടയായ എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശന്‍ ചോദിച്ചു. 

2019 ല്‍ ലോകായുക്തയെ അനുകൂലിച്ച് പിണറായി ലേഖനമെഴുതി

2019ല്‍ ചിന്ത വാരികയില്‍ ലോകായുക്തയെ അനുകൂലിച്ച് ലേഖനമെഴുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇപ്പോള്‍ തനിക്കെതിരായ കേസ് വന്നപ്പോള്‍ ലോകായുക്തയുടെ പല്ല് കൊഴിച്ചുകളയുകയാണ്. ലോകായുക്തയെ വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റുന്നു. അഴിമതി വിരുദ്ധ സംവിധാനങ്ങളെ സിപിഎമ്മും സര്‍ക്കാരും ഭയപ്പെടുകയാണ്. ഇവര്‍ നടത്തിയ കൊള്ള പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com