നാലു ജില്ലകള്‍ കൂടി 'സി'കാറ്റഗറിയില്‍, കടുത്ത നിയന്ത്രണം; തിയറ്ററുകള്‍ അടയ്ക്കും, പൊതുപരിപാടികള്‍ക്കു വിലക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 11:31 AM  |  

Last Updated: 27th January 2022 11:31 AM  |   A+A-   |  

COVID UPDATES KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. 

സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ തിയറ്റര്‍, ജിംനേഷ്യം എന്നിവ അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്ററിനു മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവൂ. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.


നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആവുമ്പോഴാണ്‌ ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. 

സമൂഹ അടുക്കളകള്‍ വീണ്ടും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകര്‍ച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സമൂഹ അടുക്കള വീണ്ടും തുടങ്ങണം. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.