ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറി; അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുംമുന്‍പ് ജിന്‍സി തെറിച്ചുവീണു; നീങ്ങാതെ ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 01:01 PM  |  

Last Updated: 01st July 2022 01:01 PM  |   A+A-   |  

jincy

ജിന്‍സി ജോണ്‍

 

കോട്ടയം:  യാത്രയ്ക്കിടെ അധ്യാപിക ട്രെയിനില്‍ നിന്ന് തെറിച്ച് വീണ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ടീച്ചറുടെ മരണം ആത്മഹത്യയല്ലെന്നാണ് സഹപ്രവര്‍ത്തകരും സഹയാത്രികരും പറയുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു തെറിച്ചു വീണു വെട്ടൂര്‍ ഗവ.എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക പാലാ മേലുകാവ് മറ്റം കട്ടിപുരയ്ക്കല്‍ ജിന്‍സി ജോണിന് സാരമായി പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു.

തിരുവല്ല കഴിഞ്ഞപ്പോള്‍ ട്രെയിന്‍ ബോഗിയില്‍ ജിന്‍സി തനിച്ചായിരുന്നുവെന്നും  പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി നടന്ന ഒരാള്‍ ട്രെയിനിലേക്ക് ചാടിക്കയറുന്നതു ഇതേ കോച്ചില്‍ നിന്നു പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങിയ മറ്റൊരു യാത്രക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ട്രെയിനിന്റെ അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുന്നതിന് തൊട്ടുമുന്‍പായി ജിന്‍സി പുറത്തേക്ക് തെറിച്ചു വീഴുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍  അത് റെയില്‍വെ പൊലീസിന്റെ അധികാരപരിധിയിലാണെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

തിരുവല്ലവരെ ടീച്ചര്‍ അമ്മയോട് 15 മിനിറ്റിലേറെ സംസാരിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. അടുത്തദിവസം അമ്മയെ സന്ദര്‍ശിക്കുമെന്ന് അവര്‍ ഫോണില്‍ പറയുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാള്‍ ഒരിക്കലും ഇത് ചെയ്യില്ല. കമ്പാര്‍ട്ടുമെന്റിനുള്ളില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

വീഴ്ചയില്‍ തലയുടെ പിന്‍ഭാഗം ഇടിച്ചു വീണതിനാല്‍ നില ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. അഞ്ചു വര്‍ഷമായി വെട്ടൂര്‍ സ്‌കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപികയായി ജോലി ചെയ്ത ജിന്‍സി കുറച്ചു മാസം മുന്‍പ് വരെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം വീട് വാടകയ്‌ക്കെടുത്താണ് രണ്ടു മക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാലാ മേലുകാവില്‍  വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്തു റെയില്‍വേയില്‍ ജോലിയുള്ള ഭര്‍ത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണു ഇപ്പോള്‍ താമസിക്കുന്നത്. എല്ലാദിവസവും കോട്ടയത്ത് നിന്നു ട്രെയിനില്‍ വന്നു പോകവേ ഉണ്ടായ ജിന്‍സിയുടെ ദാരുണമായ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സഹപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം ഇത്ര ദുര്‍ബലമാണോ?; ഭരണം പരാജയമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ