മാലിന്യ പ്ലാന്റിന് എതിരെ ഹര്‍ത്താല്‍; ആവിക്കല്‍ത്തോട്ടില്‍ സംഘര്‍ഷം, കല്ലേറ്, ലാത്തിച്ചാര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 02:16 PM  |  

Last Updated: 02nd July 2022 02:16 PM  |   A+A-   |  

avikkalthod

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കോഴിക്കോട്: ആവിക്കല്‍ത്തോട്ടില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ ജ0നകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറ് നിയന്ത്രിക്കാന്‍ കണ്ണീര്‍വാതക പ്രയോഗം നടത്തി. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. 

മൂന്നു വാര്‍ഡുകളിലാണ് സമരസമിതിയുടെ ഹര്‍ത്താല്‍ നടക്കുന്നത്. പൊലീസുമായി സംഘര്‍ഷമുണ്ടായതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പൊലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ് ലാത്തിവീശിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. കല്ലെറിഞ്ഞത് പ്രദേശവാസികളല്ലെന്നും മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ പുറത്തുനിന്നെത്തിയ ചിലരാണ് കല്ലെറിഞ്ഞതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് ലാത്തിവീശിയെങ്കിലും പ്രദേശവാസികള്‍ ചിതറിപ്പോവാതെ സംഘടിച്ചുനില്‍ക്കുകയാണ്.

ഇനി ചര്‍ച്ചകള്‍ക്കു സാധ്യതയില്ലെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രദേശത്ത് മുന്‍പ് രണ്ടുതവണ സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹത്തോടെ ഒരാഴ്ച മുന്‍പ് സര്‍വേ തുടങ്ങി. തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംഘര്‍ഷമുണ്ടാവുന്നത് കണക്കിലെടുത്ത് രണ്ടാഴ്ചയോളമായി കനത്ത പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. ഒരു കിലോമീറ്റര്‍ അകലെ കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള ഹാളില്‍ എംഎസ്പി ക്യാംപില്‍നിന്നുള്ള പൊലീസുകാര്‍ ഒരാഴ്ചയായി തമ്പടിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം സമരസമിതി ദേശീയപാത ഉപരോധിക്കാന്‍പോയ സമയത്ത് പദ്ധതിപ്രദേശത്ത് കാവല്‍നിന്നിരുന്ന പൊലീസുകാര്‍ക്കെതിരെ ബൈക്കിലെത്തിയ രണ്ടുപേര്‍ ശുചിമുറി മാലിന്യം കവറിലാക്കി എറിഞ്ഞിരുന്നു. ഇതും പുറത്തുനിന്നെത്തിയ ചിലര്‍ പ്രദേശവാസികളെ പ്രതിരോധത്തിലാക്കാന്‍ മനപ്പൂര്‍വം ചെയ്തതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പി സി ജോര്‍ജിനെതിരെ പരാതി; കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ