ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 10:29 AM  |  

Last Updated: 05th July 2022 10:40 AM  |   A+A-   |  

dileep case

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് വിധി പ്രസ്താവിച്ചത്. 

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി നിരാകരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ടു ദിവസത്തിനുള്ളില്‍ വിചാരണ കോടതി തങ്ങളുടെ പക്കലുള്ള മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ളവ സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. 

മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നെന്നതിന് തെളിവായി ഹാഷ് വാല്യൂ മാറിയോ എന്ന് അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. അതേസമയം വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണ്ടെന്നും ദിലീപ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം  

മോഷണത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്ത്; ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ