കൊച്ചി: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വിവരമില്ലായ്മയെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. അക്ഷരഭ്യാസമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രിയെന്ന നിലയില്‍ പറഞ്ഞത്. ഇവരാരും ജനിച്ചുവീണപ്പോള്‍ മന്ത്രിയായതല്ല. രാജ്യത്ത് ജനാധിപത്യം എന്നൊരുവിശ്വാസം ഉള്ളതുകൊണ്ടാണ് മന്ത്രിയായത്. ചൂഷണമെന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും കെമാല്‍ പാഷ പറഞ്ഞു.
ഭരണഘടനയോട് നിര്‍വ്യാജമായ കൂറ് പുലര്‍ത്താമെന്ന് പറഞ്ഞ്് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി, ആ ഭരണഘടനയില്‍ എഴുതിവച്ചത് എന്താണെന്ന് വായിച്ചുമനസിലാക്കാനുള്ള കഴിവ് എങ്കിലും കാണിക്കണം. അല്ലെങ്കില്‍ എന്താണ് എഴുതിവച്ചതെന്ന് ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. സത്യപ്രതിജ്ഞ ചെയ്ത വാചകങ്ങളെങ്കിലും ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. അല്ലാതെ മന്ത്രി സ്ഥാനത്തിരുന്നു എന്തും പുലമ്പരുതെന്നും കെമാല്‍ പാഷ പറഞ്ഞു.
സജി ചെറിയാന്‍ ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത.് മുഖ്യമന്ത്രി സജി ചെറിയാനോട് രാജി ചോദിച്ച് വാങ്ങണം. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അര്‍ഹതയില്ല. മുന്‍പ് മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തെക്കാള്‍ നാലിരിട്ടി ഗുരുതരമായ ആരോപണമാണ് സാംസ്‌കാരിക മന്ത്രി പറഞ്ഞത്. ഇങ്ങനെയുള്ളവരെ വേണം സാംസ്‌കാരിക മന്ത്രിയാക്കാന്‍. കഴിയുമെങ്കില്‍ മുഖ്യമന്ത്രിയായി അവരോധിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.
ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്‍
ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം.
'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' -സജി ചെറിയാന്‍ പറഞ്ഞു.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റുമെന്നും സജി ചെറിയാന്‍ ചോദിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates