സജി ചെറിയാന്റെ പ്രസംഗം: മുഖ്യമന്ത്രിയില്‍ നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 07:28 PM  |  

Last Updated: 05th July 2022 07:28 PM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയില്‍ നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ വിവാദ പ്രസംഗത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയം താന്‍ അറിഞ്ഞത് മണിക്കൂറുകള്‍ക്ക് മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയര്‍ത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. രാജ്ഭവന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ചോദിച്ചതായി അറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയം താന്‍ നിരീക്ഷിക്കുകയാണ്. ഭരണഘടനയ്ക്ക് എതിരായ വിമര്‍ശനത്തില്‍ മന്ത്രി മാപ്പ് പറഞ്ഞതായി താന്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനപ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരത്തിലേറുന്നതെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. 

സജി ചെറിയാന്റെ പ്രസംഗത്തിന് എതിരെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷവും ബിജെപിയും പരാതി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് കോണ്‍ഗ്രസിന് വേണ്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സജി ചെറിയാന് എതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു. മന്ത്രിക്ക് എതിരായി നടപടി ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണറെ കണ്ടു. മന്ത്രിക്കെതിരെ കോണ്‍ഗ്രസ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാറാണ് പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയത്. 

അതിനിടെ താന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്ത് ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് വേണ്ടി നിര്‍ദേശക തത്വങ്ങളില്‍ കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ഭണഘടനയ്ക്ക് ശക്തിയുണ്ടാകില്ല എന്ന ആശങ്കയാണ് താന്‍ തന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സജി ചെറിയാന് എതിരെ നടപടി വേണം: ഗവര്‍ണര്‍ക്കും പൊലീസിലും പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ