'സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 08:47 PM  |  

Last Updated: 06th July 2022 08:47 PM  |   A+A-   |  

VT BALRAM0SAJI CHERIYAN

വി ടി ബല്‍റാം, സജി ചെറിയാന്‍

 

കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. 'ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് നാണം കെട്ട് രാജി വയ്‌ക്കേണ്ടിവന്ന ജയരാജന്‍ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിര്‍മ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവില്‍ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.'- ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജി വെച്ച നടപടി സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടന്‍ വീഴും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരന്‍ പരിഹസിച്ചു. തിരുവനന്തപുരം പേട്ട വസതിയില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് സംശയമാണ്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ സജി ചെറിയാന്‍ തയ്യാറാവാതിരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്റെ വൈരുധ്യം സിപിഎം പരിശോധിക്കണം.

സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. സത്യസന്ധമായി ഉള്ളില്‍ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉള്‍കൊള്ളാന്‍ സജി ചെറിയാന്‍ തയ്യാറാവണം. മന്ത്രി പദവി അദ്ദേഹം രാജി വെച്ചത് ആരോടോ വാശി തീര്‍ക്കാന്‍ പോലെയാണ് തോന്നിയത്. എംഎല്‍എ സ്ഥാനത്ത് തുടരാനും സജി ചെറിയാന്‍ യോഗ്യനല്ല. അക്കാര്യത്തില്‍ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കണം: വി ഡി സതീശൻ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ