ഉചിതമായ നടപടി സംസ്ഥാനത്തെന്ന് യെച്ചൂരി; സെക്രട്ടേറിയറ്റ് നാളെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 02:23 PM  |  

Last Updated: 06th July 2022 02:23 PM  |   A+A-   |  

saji cheriyan SILVERLINE

സജി ചെറിയാന്‍/ഫയല്‍

 

ന്യൂഡല്‍ഹി: മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതില്‍ ഉചിതമായ നടപടി സംസ്ഥാനത്തു സ്വീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം സംസ്ഥാന ഘടകം ചര്‍ച്ച ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് യെച്ചൂരി പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. വിവാദത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉചിത തീരുമാനമുണ്ടാവുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.

എന്തിനു രാജി?  

ഭരണഘടന വിവാദത്തില്‍ രാജി ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്താ പ്രശ്‌നമെന്നും, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കു പരാതി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജിയോട് നിയമോപദേശം തേടി. മന്ത്രിയുടെ നാക്കു പിഴയാണെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഇന്നലെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ഗവര്‍ണറുടെ ഭാഗത്തുനിന്ന് എതിരായ തീരുമാനം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യവും പാര്‍ട്ടി കണക്കിലെടുക്കുന്നു. മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിക്കു ലഭിച്ച നിയമോപദേശം. സജി ചെറിയാന്റെ പ്രസംഗത്തില്‍ സിപിഐയും വിയോജിപ്പ് അറിയിച്ചിരുന്നു. ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്ന് സിപിഐ വിലയിരുത്തല്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി; മറ്റന്നാള്‍ പരിഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ