ആരെ പേടിപ്പിക്കാന്‍?; ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; നിയമനടപടി നേരിടാന്‍ തയ്യാറെന്ന് വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 11:24 AM  |  

Last Updated: 09th July 2022 11:33 AM  |   A+A-   |  

satheesan_rss

വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

 

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനടപടി നേരിടാന്‍ തയ്യാറാണ്. ആര്‍എസ്എസ് നോട്ടീസ് അയച്ചിട്ടുള്ളത് ആരെ ഭയപ്പെടുത്താനാണ്. തന്നെ ഭയപ്പെടുത്താനാണോ? അതു വേണ്ട. അതു കയ്യില്‍ വെച്ചാല്‍ മതിയെന്ന് സതീശന്‍ പറഞ്ഞു. 

വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പുസ്തകത്തിലെ പേജുകള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളത്. ബെഞ്ച് ഓഫ് തോട്ട്‌സിന്റെ മലയാളം തര്‍ജമ പുസ്തകത്തിലുള്ള കാര്യമാണ് പറഞ്ഞത്. പേജ് നമ്പര്‍ സഹിതമാണ് പറഞ്ഞിട്ടുള്ളത്. ബ്രിട്ടീഷുകാരുടേയും പാശ്ചാത്യ നാടുകളിലേയും ഭരണഘടനകളുടെ തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ വികൃതമായ സൃഷ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ഗോള്‍വാള്‍ക്കറും, ബ്രിട്ടീഷുകാര്‍ പറഞ്ഞത് എഴുതിവെച്ചിരിക്കുകയാണെന്ന് സജി ചെറിയാനും പറയുന്നു. 

ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും ഭരണഘടനയോടുള്ള സമീപനവും പിണറായി വിജയന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സജി ചെറിയാന്റെ പ്രസ്താവനയും ഒന്നു തന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗം സജി ചെറിയാന്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

തന്റെ പരാമര്‍ശം ശരിയാണെന്നാണ് സജി ചെറിയാന്‍ രാജിവെച്ചശേഷവും പറയുന്നത്. സജി ചെറിയാന്‍ പരാമര്‍ശം തെറ്റാണെന്ന് സിപിഎമ്മിന്റേ ഏതെങ്കിലും നേതാവ് വ്യക്തമായി പറഞ്ഞിട്ടുണ്ടോ?. മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടു പോലുമില്ല. കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ സജി ചെറിയാനെ പുകഴ്ത്തുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. 

മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് നല്‍കിയത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് അറിയിച്ചത്. 

സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിച്ചുകൊണ്ട് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നും ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'വിചാരധാര'യില്‍ ആ വാക്കുകള്‍ എവിടെ?; പിന്‍വലിച്ച് മാപ്പുപറയണം; സതീശന് ആര്‍എസ്എസിന്റെ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ