റിട്ടയര്‍ ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു; ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന; ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്ന് ബാലചന്ദ്രകുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 10:10 AM  |  

Last Updated: 11th July 2022 10:10 AM  |   A+A-   |  

balachandrakumar

ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശീലേഖയുടെ വെളിപ്പെടുത്തല്‍ കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീരേഖയ്ക്ക് ദിലീപിനോട് ആരാധനയാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാതിരുന്നതെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.

ഒരു വ്യക്തിക്കും എന്തുപറയാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട്. അതുപയോഗിച്ച് ഇഷ്ടപ്പെട്ട നടനെ രക്ഷിക്കാനുള്ള തിരക്കഥയാണ് ഇപ്പോള്‍ ശ്രീലേഖ ഒരുക്കിയത്. റിട്ടയര്‍ ചെയ്യാന്‍ അവര്‍ കാത്തിരിക്കുയായിരുന്നു. ആദ്യം തന്നെ പ്രതിയുടെ വിഷമങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ അതിന്റെ രണ്ടാംഘട്ടമാണ്  ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞതിന്റെ സൂചന മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

സത്യസന്ധയായ ഉദ്യോഗസ്ഥയാണ് അവരെങ്കില്‍ ദിലീപിനോട് ചോദിക്കേണ്ടത് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഫോണ്‍ ഒളിപ്പിച്ചത് എന്തിനാണെന്നാണ്. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ദീലിപ് തയ്യാറാകണമെന്നായിരുന്നു അവര്‍ പറയേണ്ടത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഒരുതരത്തിലും കേസിനെ ബാധിക്കില്ല. ഇപ്പോഴും അവര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ വച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാമല്ലോ?. അവര്‍ യൂ ട്യൂബില്‍ വന്ന് പറയുന്നതല്ലാതെ രേഖാ മൂലം കോടതിയിലെ സര്‍ക്കാരിലോ എഴുതി നല്‍കട്ടെ?. തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ?- ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് തെറ്റ് ചെയ്തതായി താന്‍ കണ്ടിട്ടില്ല. തന്റെ മുന്നിലുള്ള തെളിവുകളാണ് താന്‍ പൊലീസിന് നല്‍കിയത്. വരും ദിവസങ്ങളില്‍ ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍  പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. യുടൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ഇതിനോടാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ദിലീപ് നിരപരാധി; പള്‍സറിനൊപ്പമുള്ള ചിത്രം വ്യാജം;  ശിക്ഷിക്കാന്‍ തെളിവില്ലാത്തതുകൊണ്ട് പുതിയ കേസ് ഉണ്ടാക്കി'; പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ