കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തില്‍, ലക്ഷ്യം മൊഴിമാറ്റാന്‍; ആരോപണവുമായി മുത്തശി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 11:40 AM  |  

Last Updated: 12th July 2022 11:40 AM  |   A+A-   |  

PALAKKAD

പാലക്കാട് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ ദൃശ്യം

 

പാലക്കാട്: പോക്‌സോ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കുട്ടിയുടെ മുത്തശി രംഗത്ത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അമ്മയ്ക്ക് അടക്കം പങ്കുള്ളതായും അമ്മ കുട്ടിയെ മര്‍ദ്ദിച്ചതായും മുത്തശി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിവരുന്നത്. പാലക്കാട് ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിനിടെയാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ മുത്തശി രംഗത്തുവന്നത്. കുട്ടിയുടെ മൊഴി മാറ്റുന്നതിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് മുത്തശി ആരോപിക്കുന്നു. നേരത്തെ വിചാരണയ്ക്ക് മുന്‍പ് മൊഴി മാറ്റുന്നതിന് കുട്ടിയെ സ്വാധീനിക്കാന്‍ ചെറിയച്ഛന്‍ ശ്രമിച്ചതായും മുത്തശി ആരോപിക്കുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. അമ്മയെയും പ്രതിയെയും കണ്ടയുടനെ കുട്ടി മുറിയില്‍ ഒളിച്ചു. കുട്ടിയെയും തന്നെയും മര്‍ദ്ദിച്ചതായും മുത്തശി ആരോപിക്കുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈയ്ക്ക് പരിക്കേറ്റതായും മുത്തശി പറയുന്നു.

കഴിഞ്ഞദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പ്രതികള്‍ കാറിലും ബൈക്കിലുമാണ് എത്തിയത്. കാറിന്റെ നമ്പര്‍ തുണി കൊണ്ട് മറച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് അമ്മയുടെയും അച്ഛന്റെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകലില്‍ ഇരുവര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.

കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പമായിരിക്കാമെന്നും പൊലീസ് കരുതുന്നു. അച്ഛനെയും അമ്മയെയും കണ്ടെത്തിയാല്‍ മാത്രമേ കുട്ടിയെ തിരികെ കിട്ടുകയുള്ളുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കര്‍ദിനാളിന് ക്ലീന്‍ചിറ്റ്; സഭാ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ