സംസ്ഥാനത്ത് മങ്കി പോക്സ്; വിദേശത്ത് നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 14th July 2022 07:36 PM |
Last Updated: 14th July 2022 07:36 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ലയിൽ എത്തിയ ആൾക്കാണ് രോഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിൾ പോസിറ്റിവായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. നിലവിൽ രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗിയുടെ മാതാപിതാക്കൾ, കാർ, ഓട്ടോ ഡ്രൈവർമാർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേർ എന്നിവരാണ് ഏറ്റവും അടുത്ത് സമ്പർക്കം പുലർത്തിയവർ. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കാണ് ഇത് പകരുന്നത്. ഫിസിക്കൽ കോൺടാക്ട്, മാസ്ക് വെയ്ക്കാതെ അടുത്ത പെരുമാറിയാൽ തുടങ്ങിയ രീതികൾ വഴിയാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
മൂന്ന് ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ