പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ; എം എം മണിയെ 'പ്രകോപിപ്പിച്ച' കെ കെ രമയുടെ വാക്കുകള്‍

ആഭ്യന്തരവകുപ്പ് ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാര്‍ക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്
കെ കെ രമ/ഫെയ്‌സ്ബുക്ക്‌
കെ കെ രമ/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: പാര്‍ട്ടിക്കാരാല്‍ വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പൊലീസുകാര്‍ മാറിയെന്ന് കെ കെ രമ എംഎല്‍എ നിയമസഭയില്‍. ആഭ്യന്തരവകുപ്പ് ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാര്‍ക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികിലേക്ക് ബോംബെറിഞ്ഞിട്ടും ആരെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

മുഖ്യമന്ത്രി പിണറായി വിജയനു പാതയൊരുക്കാന്‍ സമയം ചെലവഴിക്കുകയാണ് പൊലീസുകാര്‍. പൊതുജനങ്ങളെ ബന്ദികളാക്കി ചീറിപായുന്ന മുഖ്യമന്ത്രി, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കെ കെ രമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു, എം എം മണി എംഎല്‍എ കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.  'ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല'- മണി നിയമസഭയില്‍ പറഞ്ഞു. പരാമര്‍ശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ 'മിണ്ടാതിരിയെടാ ഉവ്വേ' എന്നായിരുന്നു മണിയുടെ പ്രതികരണം. 'കൂവിയിരുത്തലൊന്നും എന്റടുത്ത് പറ്റില്ല. അതുമായി ബന്ധപ്പെട്ട് (ടിപി ചന്ദ്രശേഖരന്‍ വധക്കേസ്) രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.' എം എം മണി പറഞ്ഞു.

എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയില്‍ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com