കൊച്ചിയിൽ ഇറങ്ങിയ വിമാനത്തിന്റെ കോക്പിറ്റിൽ കുരുവി; പിടികൂടി പറത്തിവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 08:38 AM  |  

Last Updated: 19th July 2022 08:38 AM  |   A+A-   |  

sabarimala_airport

പ്രതീകാത്മക ചിത്രം

 

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ വിമാനത്തിൽ പക്ഷിയെ കണ്ടെത്തി. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് പക്ഷി കുടുങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 37,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരിക്കെയാണ് കോക്പിറ്റില്‍ കുരുവിയെ കണ്ടത്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. 

കൊച്ചിയില്‍ നിന്ന് വിമാനം ബഹ്റൈനിലെത്തിയ ശേഷം മടക്ക യാത്രയ്ക്കു മുന്‍പായി പരിശോധന നടത്തിയപ്പോള്‍ കോക്പിറ്റില്‍ പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തനിയെ പറന്നു പോകുന്നതിനായി ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകള്‍ തുറന്നിട്ടു. 

10 മിനിറ്റിനു ശേഷം പരിശോധിച്ചപ്പോൾ പക്ഷിയെ കണ്ടില്ല. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ഗ്ലാസ് കമ്പാര്‍ട്ട്മെന്റിനു സമീപം പൈലറ്റുമാര്‍ വീണ്ടും പക്ഷിയെ കണ്ടു. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം പക്ഷിയെ പിടികൂടി പറത്തിവിട്ടു. 

സുരക്ഷാ വീഴ്ച കണക്കിലെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിസിഎ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനകത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഉദ്യോ​ഗസ്ഥയ്ക്കെതിരെ ജാമ്യമില്ലാ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ