വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഉദ്യോ​ഗസ്ഥയ്ക്കെതിരെ ജാമ്യമില്ലാ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 06:38 AM  |  

Last Updated: 19th July 2022 06:40 AM  |   A+A-   |  

neet pg

പ്രതീകാത്മക ചിത്രം

 

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേഹ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയാണ് കേസെടുത്തത്. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. 

സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഇതേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകി.

ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവം. 

പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തിൽ വസ്ത്രങ്ങൾ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വസ്ത്രത്തിൽ ലോഹ വസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന.

പരിശോധന നടത്തിയവരുടെ നിർബന്ധം മൂലം അടിവസ്ത്രം ഉപേക്ഷിച്ചാണ് പെൺകുട്ടി ഹാളിൽ പ്രവേശിച്ചത്. സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം പരീക്ഷ നന്നായി എഴുതാനായില്ലെന്നും പരാതിയിൽ പറയുന്നു. 

ഇത്തരം നടപടി വിദ്യാർഥിനികളെ മാനസികമായി തളർത്തിയെന്നും വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ സൂക്ഷിക്കാൻ രണ്ട് മുറി ഒരുക്കിയിരുന്നതായും ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. അതേസമയം, കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് മറുവാദം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രത്തെ അതൃപ്തി അറിയിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ