പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രത്തെ അതൃപ്തി അറിയിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 07:08 PM  |  

Last Updated: 18th July 2022 07:08 PM  |   A+A-   |  

r bindu

ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളെ
അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമെന്ന് മന്ത്രി ആര്‍ ബിന്ദു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്.ഏജന്‍സിയുടെ ഭാഗത്തുനിന്നു വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടിക്ക് മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമാണ്.സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിലാണ് പെണ്‍കുട്ടികളെ അടിവസ്ത്രമഴിപ്പിച്ചു പരിശോധിച്ചത്. കൊട്ടരക്കര ഡിവൈഎസ്പിക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി.ഇന്നലെയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഇതില്‍ ഒരുവിദ്യാര്‍ഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പരാതി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ