സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടിയെ പിന്നിൽ നിന്ന് തലയ്ക്കടിച്ച് വീഴ്ത്തി കവർച്ച; തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി പത്തുവയസുകാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 08:50 AM  |  

Last Updated: 20th July 2022 08:50 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്ന 10 വയസുകാരിയെ ആക്രമിച്ചു ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നു. ആരോ പിന്നിൽ നിന്ന് തലയ്ക്കടിക്കുകയായിരുന്നെന്നാണു പെൺകുട്ടിയുടെ മൊഴി. ഇടുക്കി ഉപ്പുതറ മേരികുളത്തെ സ്കൂളിൽ 5–ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സ്വർണക്കമ്മലും വെള്ളിക്കൊലുസുമാണു കവർന്നത്. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം. പെൺകുട്ടി ചപ്പാത്തിനു സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. വീടിന് 300 മീറ്റർ അകലെയായിരുന്നു ആക്രമണം.

കുട്ടിയെ കാണാതെ വന്നതോടെ അമ്മൂമ്മ അന്വേഷിച്ച് എത്തിയപ്പോൾ റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടു. തുടർന്നാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു.‌ 

ഈ വാര്‍ത്ത കൂടി വായിക്കാം 

പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ