തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ ഇപി ജയരാജന് എതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഇപി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി നിര്‍ദേശം നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണെന്ന് ് കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പൊലീസ് രാഷ്ട്രീയം കളിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസിന് കോടതിയെ സമീപിക്കേണ്ടിവന്നത്. അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറി. ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണം. അധികാരത്തിന്റ തണലില്‍ എന്തുനെറികേടും ചെയ്യാനും എല്ലാത്തരം ക്രിമിനലുകളെയും സംരക്ഷിക്കാനും അവരാണ് തന്റെ രക്ഷകരെന്ന് സമര്‍ത്ഥിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനലിനു വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് അഭ്യന്തരവകുപ്പിന്റെ കസേരയിലിരിക്കാനുള്ള യോഗ്യതയില്ല. അധികാര ദുര്‍വിനിയോഗം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടിയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.
വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നെല്ലാം ഇപി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്നത് കേരളം കണ്ടതാണ്.രാഷ്ട്രീയ തിമിരം ബാധിച്ച മുഖ്യമന്ത്രി ഇപി ജയരാജന്റെ വിധ്വംസക പ്രവൃത്തിയെ അവസരോചിതമായി പ്രവര്‍ത്തിച്ച സംരക്ഷകനായിട്ടാണ് ചിത്രീകരിച്ചത്. എന്നാല്‍ കോടതിയുടെയും നിയമത്തിന്റെയും കണ്ണില്‍ ഇപി ജയരാജന്‍ വധശ്രമത്തിന് തുനിഞ്ഞ വെറും പ്രതിമാത്രമാണ്. ഇതാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിച്ചത്. നിയമ സംവിധാനങ്ങളെ ഇരുട്ടിന്റെ മറവില്‍ നിറുത്തി ഭരണം നടത്താനാണ് പിണറായി ശ്രമിച്ചത്. നീതിനിഷേധിക്കപ്പെടുന്ന സാധാരണക്കാരന് കോടതിയോടുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിപട്ടാളം എടുത്ത വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇപി ജയരാജനും മുഖ്യമന്ത്രിയും പേഴ്സണല്‍ സ്റ്റാഫും ആണെന്ന് കോടതിവിധിയിലൂടെ വ്യക്തമായെന്നും സുധാകരന്‍ പറഞ്ഞു.
ക്രൂരമര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമകേസ് ഉള്‍പ്പെടെയെടുത്ത് പീഡിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമിച്ചെങ്കിലും അവരുടെ നിരപരാധിത്വം ബോധ്യപ്പെട്ടതു കൊണ്ടാണ് ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. എന്നിട്ടും കലിയടങ്ങാത്ത സര്‍ക്കാര്‍ ഗൂഢാലോചന കുറ്റം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്യാന്‍ നടത്തിയ നീക്കവും കഴിഞ്ഞ ദിവസം കോടതി ഇടപെടലിലൂടെ പൊളിഞ്ഞു. ഇപി ജയരാജനാണ് വിമാനത്തിനകത്ത് കൂടുതല്‍ കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ രാഷ്ട്രീയപകപോക്കല്‍ തീര്‍ക്കാനുമാണ് സര്‍ക്കാര്‍ തുനിയുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം കോണ്‍ഗ്രസുകാര്‍ കേസും കോടതിയുമായി ഓടിച്ചാടി നടക്കുകയാണ്; പ്രതികരണവുമായി ഇ പി ജയരാജന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates