കോണ്‍ഗ്രസുകാര്‍ കേസും കോടതിയുമായി ഓടിച്ചാടി നടക്കുകയാണ്; പ്രതികരണവുമായി ഇ പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 04:41 PM  |  

Last Updated: 20th July 2022 04:41 PM  |   A+A-   |  

ep-jayarajan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ കയ്യേറ്റത്തില്‍ തനിക്കെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് സ്വാഭാവിക നടപടി മാത്രമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോടതിയില്‍ പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കാന്‍ ബന്ധപ്പെട്ട പൊലീസിനെ ഏല്‍പ്പിക്കുക എന്നത് കോടതിയുടെ ഉത്തരവാദിത്തമാണ്. അത് കോടതി ചെയ്തു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഞങ്ങള്‍ക്ക് ഇതിനെയൊന്നും ഭയമില്ല. ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. ശരിയേ ചെയ്തിട്ടുള്ളു. അങ്ങനെ വരുമ്പോള്‍ ഏത് കോടതിയായാലും ഞങ്ങള്‍ക്കെന്താ' എന്ന് മേല്‍ക്കോടതിയെ സമീപിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടത് തിരിച്ചടിയാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

പരാതിയുമായി ഇങ്ങനെ നടക്കുന്ന കുറച്ചുപേര്‍ രാജ്യത്തുണ്ട്. കോണ്‍ഗ്രസുകാര്‍ കേസും കോടതിയുമായി ചുറ്റിനടക്കുകയാണ്. നിരാശരായി ഓടിച്ചാടി നടക്കുകയാണ്. അതിന്റെ ഭാഗമായി കണ്ടാല്‍ മതി. കെ സുധാകരനും വി ഡി സതീശനും തെറ്റിനെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജിസിഡിഎ കമ്മിറ്റി കാര്യങ്ങള്‍ മനസ്സിലാക്കണം. മുഖ്യമന്ത്രിയെ അക്രമിക്കാന്‍ കയറിയവര്‍ക്ക് രണ്ടാഴ്ച വിലക്ക്. എനിക്ക് മൂന്നാഴ്ച. ആ കമ്മിറ്റിയുടെ നിലവാരം മനസ്സിലാക്കണം.. ഇന്‍ഡിഗോ സര്‍വീസിന്റെ നിലവാര തകര്‍ച്ചയാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ