വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 03:34 PM  |  

Last Updated: 20th July 2022 08:01 PM  |   A+A-   |  

jayarajan

ഇപി ജയരാജന്‍

 

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍  രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.

വലിയതുറ പൊലീസിനോടാണ് കോടതി ഉത്തരവിട്ടത്. വിമാനപ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍കുമാറുമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ്  സതീശന്റെ സബ്മിഷന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തിൽ ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖ്യമന്ത്രിയെ വധിക്കാന്‍ വി ഡി സതീശനും കെ സുധാകരനും ഗൂഢാലോചന നടത്തി: ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ