വാഹനപരിശോധനയ്ക്കിടെ ഭാര്യയോട് മോശമായി പെരുമാറി; എസ്‌ഐക്കെതിരെ ഡിഐജിയുടെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 09:23 AM  |  

Last Updated: 21st July 2022 09:23 AM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വാഹനപരിശോധനയുടെ പേരില്‍ എസ്‌ഐ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയുമായി ഡിഐജി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാറാണ് നോര്‍ത്ത് സ്റ്റേഷനിലെ എസ്‌ഐ മനോജിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കോമളപുരം റോഡ്മുക്കിലെ വീട്ടില്‍നിന്ന് ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതയായ മാതാവിന് മരുന്നു വാങ്ങാന്‍ പോയപ്പോള്‍ ഗുരുപുരം ജങ്ഷന്  സമീപത്തു വച്ച് എസ്‌ഐ വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ വാഹനത്തില്‍ രേഖകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് പൊലീസ് ആസ്ഥാനത്ത് ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകള്‍ സ്റ്റേഷനില്‍ ഹാജരാക്കാമെന്നും ഭാര്യ പറഞ്ഞെങ്കിലും എസ്‌ഐ അതുകേള്‍ക്കാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

പൊതുജനങ്ങളുടെ മുന്നില്‍ വച്ച് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ മോശമായി പെരുമാറി.ഭര്‍ത്താവിന് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ആരോടും സംസാരിക്കാനില്ലെന്നു ധിക്കാരത്തോടെ പറഞ്ഞു. നിങ്ങള്‍ക്കെതിരെ കേസെടുത്തുകൊള്ളാമെന്നു ഭീഷണിപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥര്‍ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സര്‍ക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഡിഐജിയുടെ പരാതിയില്‍ പറയുന്നു. 

ഡിഐജിയുടെ പരാതി അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് അറിയിച്ചു. ഡിഐജി വിളിച്ച് വിഷയം പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ