

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്.
സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് ഇഡി ഹർജി ഫയല്‍ ചെയ്തത്. 19ന് ഹർജി രജിസ്റ്റർ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയത്.
അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി. ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി സംശയിക്കുന്നതായും ഇഡി ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates