ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തത് പരിശോധിക്കും; എല്ലാവരും ഒന്നിച്ചു പോകേണ്ട കാലം: കെ സി വേണുഗോപാല്‍

ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്
കെ സി വേണുഗോപാല്‍ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌
കെ സി വേണുഗോപാല്‍ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌

കോഴിക്കോട്: കോഴിക്കോട്ടു നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി എത്തണമായിരുന്നു. എല്ലാവരും ഒന്നിച്ചു പോകേണ്ട കാലമാണിത്. കോണ്‍ഗ്രസിന് പുതിയ ശൈലീമാറ്റം ഉണ്ടാക്കുകയാണ് ചിന്തന്‍ ശിബിരം ലക്ഷ്യമിടുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂറും രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് ഷുക്കൂര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണം. സമരത്തിലേക്ക് പോകണമോ എന്ന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, തിരികെ സര്‍വീസില്‍ പ്രവേശിച്ചശേഷം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആ പദവിയില്‍ നിന്നാണ് ആലപ്പുഴ കളക്ടറായി ശ്രീറാമിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ഡോ. നവ്‌ജ്യോത് സിങ് ഖോസയെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com