കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; ഒരുമരണം, അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 06:30 PM  |  

Last Updated: 31st July 2022 06:30 PM  |   A+A-   |  

waterfall

കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യം

 

കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ഒരു വിനോദസഞ്ചാരി മരിച്ചു. മധുര സ്വദേശിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. പരിക്കേറ്റ മറ്റൊരു വിനോദസഞ്ചാരിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചു.

ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് മലയില്‍ കനത്തമഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മലവെള്ളപ്പാച്ചിലില്‍ തെറിച്ചുപോയ രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്. ഇയാളെ ഉടന്‍ തന്നെ തെങ്കാശി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അച്ചന്‍കോവില്‍ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ചെങ്കോട്ട- അച്ചന്‍കോവില്‍ റൂട്ടിലാണ് വെള്ളച്ചാട്ടം. ഒരു മാസം മുന്‍പാണ് ഇത് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്. കൂടുതലും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. 

ഇന്ന് കൊല്ലം ഉള്‍പ്പെടെ 12 ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിങ്കളാഴ്ച ഏഴു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കോട്ടയം എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടലില്‍ വന്‍ നാശനനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. കോഴിഫാമില്‍ വെള്ളം കയറി 1500 കോഴികള്‍ ഒഴുകിപ്പോയി.

ഈ വാർത്ത കൂടി വായിക്കൂ

'തൃശൂരിൽ മരിച്ച യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു'- ആരോ​ഗ്യ മന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ