'തൃശൂരിൽ മരിച്ച യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു'- ആരോ​ഗ്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 06:04 PM  |  

Last Updated: 31st July 2022 06:04 PM  |   A+A-   |  

monkey_pox

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തൃശൂരിൽ മരിച്ച യുവാവിന്റെ മങ്കിപോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. വിദേശ രാജ്യത്ത് വച്ച് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി അധികൃതർക്ക് നൽകിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും കാരണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

21 ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 27ന് മാത്രമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. എന്ത് കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. യുവാവിന്‍റെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. 

മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. പകർച്ച വ്യാധി ആണങ്കിലും  മങ്കി പോക്സിന് വലിയ വ്യാപന ശേഷി ഇല്ലെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ

കേരളത്തിലെ മങ്കിപോക്‌സ് വകഭേദം വ്യാപനശേഷി കുറഞ്ഞതെന്ന് ആരോഗ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ