പാലക്കാട്: സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ പുളിക്കാഞ്ചേരി രാജന്റെ ഇളയ മകൾ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കല്യാണവീടാണെങ്കിലും മുക്കാലിയിലെ പുളിക്കാഞ്ചേരി വീട്ടിൽ ആഘോഷമോ ഒരുക്കങ്ങളോ ഒന്നുമില്ല. കല്യാണക്കുറി അച്ചടിക്കാൻ കൊടുത്തിട്ടു വീട്ടിൽനിന്നു പോയ അച്ഛനായുള്ള കാത്തിരിപ്പിലാണ് ഈ മകൾ.
എവിടെപ്പോയെന്ന് ആർക്കുമറിയില്ല. നാടുപോലെ കാടും അച്ഛനു തിട്ടമാണ്. അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള അവകാശം മകൾക്കില്ലേ?, രേഖയുടെ ചോദ്യത്തിന് ആർക്കും മറുപടിയില്ല. മേയ് മൂന്നിന് രാത്രി എട്ടരയോടെ സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ പോയതാണ് രാജൻ. പിന്നീട് ആരും കണ്ടിട്ടില്ല.
അച്ഛന് കടമോ മറ്റു ബാധ്യതകളോ ഇല്ലെന്നും നാടു വിടേണ്ട ആവശ്യമില്ലെന്നും രേഖ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവു കിട്ടണ്ടേ എന്നാണ് രേഖ ചോദിക്കുന്നത്. പൊലീസിന്റെ തണ്ടർബോൾട്ടും വനം വകുപ്പിന്റെ ദ്രുതകർമസേനയും വാച്ചർമാരുമെല്ലാം തിരച്ചിൽ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണു കണ്ടെത്താനായത്.
മകനെ കാണാതായ വിവരം അറിയാതെ രാജന്റെ അമ്മ ലക്ഷ്മി പൊന്നുവിന് പരിഭവങ്ങൾ ഒഴിയുന്നില്ല. ജൂൺ 11നാണ് രേഖയുടെ വിവാഹം. ‘‘ബന്ധുക്കളെപ്പോലും ക്ഷണിച്ചിട്ടില്ല. 20നു വരുമെന്നു പറഞ്ഞു പോയതാ. മകളുടെ വിവാഹമായിട്ടു പോലും അവന് അവധിയില്ലേ?’’, എന്നുനീളുകയാണ് അമ്മയുടെ പരാതി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates