'സർക്കാർ ജീവനക്കാർ മത, സമുദായ സംഘടനകളിൽ ഭാരവാഹികളാകേണ്ട'; ചട്ട വിരുദ്ധമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 10:05 AM  |  

Last Updated: 03rd June 2022 10:05 AM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: സർക്കാർ ജീവനക്കാർ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി. കേരള സർക്കാർ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. സിഎസ്ഐ മധ്യകേരള ഇടവകയുടെ വിവിധ സമിതികളിൽ സർക്കാർ ജീവമക്കാർ ഭാരവാഹികളാവുന്നതിനെതിരെ തലയോലപ്പറമ്പ് സ്വദേശി കെ.ജെ.ഫിലിപ്പ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടിആർ രവിയുടെ ഉത്തരവ്. 

മത, സാമുദായിക മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥന് മത്സരിക്കാൻ വിലക്കില്ല പക്ഷെ ജയിച്ചാൽ പദവികളൊന്നും വഹിക്കാനാകില്ലെന്നത് ചട്ടപ്രകാരമുള്ള തടസ്സമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളസർക്കാർ 2014ൽ ചട്ടം ഭേദഗതി വരുത്തിയാണ് 67 എ പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതുപ്രകാരം മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണ്.

കേരളത്തിലെ ചട്ടം ഭരണഘടനയുടെ 25, 26, 30 അനുഛേദങ്ങൾ പ്രകാരം വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കുമുള്ള അവകാശങ്ങളുടെ നിഷേധമാണെന്ന എതിർവാദം ഹൈക്കോടതി തള്ളി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതാണ് ഭരണഘടനയുടെ 25-ാം വകുപ്പ്. സ്ഥാപനങ്ങൾ തുടങ്ങാനും പരിപാലിക്കാനും മതസ്ഥാപനങ്ങൾക്കുള്ള അവകാശം സംരക്ഷിക്കുന്നതാണ് 26-ാം അനുഛേദം. ന്യൂനപക്ഷ സമുദായങ്ങൾക്ക് സ്ഥാപനങ്ങൾ തുടങ്ങാനും പരിപാലിക്കാനുമുള്ള അവകാശം സംരക്ഷിക്കുന്നതാണ് 30-ാം അനുഛേദം. എന്നാൽ ചട്ടം 67 എ പ്രകാരമുള്ള വിലക്ക് ഇവയെ ബാധിക്കുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞു.

സിഎസ്ഐ മധ്യകേരള ഇടവകയുടെ വിവിധ സമിതികളിലേക്ക് മത്സരിച്ച് ജയിച്ച സർക്കാർ ഉദ്യോ​ഗസ്ഥർക്കും അധ്യാപകർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹരിജിക്കാരൻ നേരത്തെ വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു. ഈ പരാതികളിൽ ആറാഴ്ചയ്ക്കകം നിയമാനുസൃതം നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരും അധ്യാപകരും ഇത്തരം പദവികൾ വഹിക്കുന്ന പ്രവണത സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനം വഹിക്കുന്നുണ്ടെന്നും അത് അഴിമതിക്കും സ്വജനപക്ഷ പാതത്തിനും ഇടയാക്കുമെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇത്തരം പദ​വികളില്ഡ നിന്ന് സർക്കാർ ഉദ്യോ​ഗസ്ഥരെ മത്സരിപ്പിക്കുന്നതിൽ നിന്ന് സിഎസ്ഐ മധ്യകേരള ഇടവകയെ വിലക്കണമെന്ന ആവശ്യം സിം​ഗിൾ ബെഞ്ച് നിരസിച്ചു. 
 

ഈ വാർത്ത കൂടി വായിക്കാം 

ഡീസലിൽ വെള്ളവും മാലിന്യവും, കാർ വഴിയിൽ നിന്നു; പമ്പുടമ നഷ്ടപരിഹാരമായി നൽകേണ്ടത് 3.76 ലക്ഷം​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ