സതീശനെ ക്യാപ്റ്റന്‍ എന്നുവിളിക്കുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍; തൃക്കാക്കരയിലെ വിജയം കൂട്ടായ്മയുടേത്; കെ മുരളീധരന്‍

വിഡി സതീശന്‍ ആ ജില്ലാക്കാരനും പ്രതിപക്ഷ നേതാവുമാണ്. അതുകൊണ്ട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകും.
കെ മുരളീധരനും വിഡി സതീശനും/ ചിത്രം ഫെയ്‌സ്ബുക്ക്‌
കെ മുരളീധരനും വിഡി സതീശനും/ ചിത്രം ഫെയ്‌സ്ബുക്ക്‌

കോഴിക്കോട്: വിഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായത് കൂട്ടായ്മയുടെ വിജയമാണ്. എറണാകുളം ജില്ലയായതിനാല്‍ സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടിയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വിഡിയെ ക്യാപ്റ്റന്‍ എന്നുവിളിക്കുന്നത് ഇതിനിടയില്‍ പിളര്‍പ്പുണ്ടാക്കുനുള്ള ചിലരുടെ ശ്രമങ്ങളാണ്. കൂട്ടായ നേതൃ്വത്വത്തിന്റെ വിജയമാണിത്. കൂട്ടായ്മയ്ക്ക് വിള്ളലുണ്ടായാല്‍ വിജയത്തിലും വിള്ളലുണ്ടാകും. വിഡി സതീശന്‍ ആ ജില്ലാക്കാരനും പ്രതിപക്ഷ നേതാവുമാണ്. അതുകൊണ്ട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ എല്ലാവരും അവരവരുടെതായ ഉത്തരവാദിത്വം നിര്‍വഹിച്ചു'- മുരളീധരന്‍ പറഞ്ഞു.  

ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നേടിയത്. 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്. 2011ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ല്‍ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടില്‍ തന്നെ മറികടന്നിരുന്നു. നൂറ് സീറ്റെന്ന എല്‍ഡിഎഫ് മോഹത്തിനാണ് ഇതോടെ മങ്ങലേറ്റത്.

പിടിതോമസിന്റെ മരണം മൂലം നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com