ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 01:31 PM  |  

Last Updated: 03rd June 2022 01:31 PM  |   A+A-   |  

BJP

കൊട്ടിക്കലാശത്തില്‍ നിന്ന്

 

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് പത്ത് ശതമാനത്തില്‍ താഴെ വോട്ട് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എഎന്‍ രാധാകൃഷ്ണന് ലഭിച്ചത് 12957 വോട്ടുകള്‍ മാത്രം. 

മുതിര്‍ന്ന നേതാവിനെ മത്സരംഗത്തിറക്കുന്നതോടെ ഇത്തവണ പതിനഞ്ച് ശതമാനത്തിലധികം വോട്ട് നേടാനാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. അതിനനുസരിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ തൃക്കാക്കരമണ്ഡലത്തിലെ ഏറ്റവം ദയനീയമായ പ്രകടനമാണ് ഇത്തവണ അവര്‍ കാഴ്ചവച്ചത്

ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് ശതമാനത്തില്‍ വന്‍കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2021ലെ 14,239 വോട്ടുകളുടെ ഭൂരിപക്ഷം 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. 

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്. 2244 വോട്ടുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ അധികം ലഭിച്ചത്.  


മതിമറന്ന് ആഹ്ലാദിക്കാനില്ലെന്ന് വിഡി സതീശന്‍

വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനവും ഉമാ തോമസിന് ജനങ്ങള്‍ക്കിടിയിലുണ്ടായ സ്വീകാര്യതയും പിടി തോമസിന്റെ ഊഷ്മളമായ ഓര്‍മകളുമാണ് ഇത്തരത്തില്‍ വലിയ വിജയം സമ്മാനിച്ചതെന്നും സതീശന്‍ പറഞ്ഞു. 

തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം ഒരു തുടക്കമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കാടിളക്കി പ്രചാരണം നടത്തിയിട്ട് പോലും സിപിഎമ്മുകാര്‍ പോലും വോട്ട് ചെയ്്തില്ല. സര്‍ക്കാരിന്റെ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ തൃക്കാക്കരയിലെ ജനം പിഴുതുമാറ്റി. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ കഠിനാദ്ധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. 5 വര്‍ഷം ഭരിക്കാനുള്ള അവസരമാണ് ജനം അവര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ വികസനനയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതെന്ന് മനസിലാക്കി തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സതീശന്‍ പറഞ്ഞു

ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി

പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തോല്‍വിയെ കുറിച്ച് താന്‍ വ്യക്തിപരമായി ഉത്തരം പറയേണ്ടതില്ല. അത് പാര്‍ട്ടി ഇഴകീറി പരിശോധിക്കും. ഒരു തോല്‍വികൊണ്ടെന്നും ഈ പാര്‍ട്ടി പുറകോട്ട് പോകില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായത്. തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടം തന്നെയായിരുന്നു. തീര്‍ച്ചയായും പരാജയത്തിലെ പിഴവുകള്‍ പരിശോധിക്കും. കൂടെ നിന്ന് എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. താന്‍ ഇവിടെ ഉണ്ടാകുമെന്നും ജോ ജോസഫ് പ്രചാരണത്തിനിടെ  പറഞ്ഞു. 

ക്യാപ്റ്റന്‍ നിലംപരിശായി

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോല്‍ ഓരോ കാതം പുറകോട്ടുപോകുകയാണ് എല്‍ഡിഎഫ് ചെയ്തത്. ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ കാലത്തെക്കാള്‍ തൃക്കാക്കരയില്‍ ഉമയ്ക്ക് ഭുരിപക്ഷം ഉയരും. 20,000 വോട്ടിന് ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയില്‍ കണ്ടത്. ഇത് നാടിന്റെ ചിന്തയാണ്, ലക്ഷ്യമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഒരിടത്തുപേലും മുന്നേറ്റം നടത്താന്‍ ആയിട്ടില്ല. ഉപതെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി ജനം കാതോര്‍ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു

ഇതുവരെ കേരളം കാണാത്ത രീതിയിലാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. എല്ലാ അധികരദുര്‍വിനിയോഗവും നടത്തി. കണ്ണൂരില്‍ നിന്ന് ഉള്‍പ്പെടെയാളുകള്‍ കള്ളവോട്ട് ചെയ്യാന്‍ പോയിട്ടുണ്ട്. ഇതിനായി ഇവിടെ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയതായും സുധാകരന്‍ പറഞ്ഞു. തൃക്കാക്കര നഗരമേഖലയായതുകൊണ്ടു അവിടെ എല്‍ഡിഎഫുകാര്‍ ധാരാളം കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും എല്‍ഡിഎഫ് ജയിച്ചില്ല. വരാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണെന്നും ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തനശൈലി ജനം നോക്കിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയില്‍ കേരളത്തിന് വേണ്ടെന്ന പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. പിണറായുടെ വികസനമല്ല നാടിന് വേണ്ട വികസനം. ഇത് തിരുത്താന്‍ എല്‍ഡിഎഫ് തയ്യാറാകണം. ഇതിനുള്ള അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടി പ്രവര്‍ത്തകകരുടെ കൂട്ടായ്മയാണ് ഈ വിജയം സമ്മാനിച്ചത്. എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ഈ പ്രവര്‍ത്തനം തുടരണമെന്നും സുധാകരന്‍ പറഞ്ഞു.

തിരുത മീനുമായി ആഹ്ലാദപ്രകടനം

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ചതിന് പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. കൗണ്ടിങ്ങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത്. തിരുതമീനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെവി തോമസിന്റെ മുന്നില്‍ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. 

അതേസമയം, ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്.ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. പത്ത് റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 20,000 കടന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ല്‍ പിടിയുടെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.

പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്. 


തോല്‍വി അപ്രതീക്ഷിതം

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമെന്ന് സിപിഎം എറണാകുളം  ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മുഖ്യമന്ത്രി നേരിട്ടല്ലെന്നും ഭരണം വിലയിരുത്താന്‍ ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. 

പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത്. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പില്‍ ഇത്തരമൊരുഫലം പ്രതീക്ഷിച്ചിരുന്നില്ല ഉമ തോമസിന്റെ ഭൂരിപക്ഷം ഇത്രയും വരുമെന്ന് കരുതിയില്ലെന്നും പോരായ്മകള്‍ പരിശോധിക്കുമെന്നും മോഹനന്‍ പറഞ്ഞു.