മൊബൈല്‍ ഫോണിന് അടിമയായി, ഉറ്റകൂട്ടുകാരില്ല, പഠനത്തില്‍ ശ്രദ്ധിക്കാനാകുന്നില്ല; ആറ് പേജുള്ള കുറിപ്പെഴുതിവച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 10:19 AM  |  

Last Updated: 06th June 2022 10:20 AM  |   A+A-   |  

jeeva_mohan

ജീവ മോഹന്‍

 


തിരുവനന്തപുരം: മൊബൈല്‍ ഫോണിന് അടിമയാണെന്ന് കുറിപ്പെഴുതിവച്ച ശേഷം വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. പതിനാറുകാരിയായ കല്ലമ്പലം വെട്ടിയറ സ്വദേശിനി ജീവ മോഹനാണ് ശനിയാഴ്ച കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

മടവൂര്‍ എന്‍എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഫോണിന് അടിമയായി, ഉറ്റകൂട്ടുകാരില്ല, പഠനത്തില്‍ ശ്രദ്ധിക്കാനാകുന്നില്ല. ബിടിഎസ് ഉള്‍പ്പടെയുള്ള ബാന്‍ഡുകളുടെ പാട്ടുകേള്‍ക്കാനാണ് തോന്നുന്നത്. തുടങ്ങിയ കാര്യങ്ങള്‍ ആറ് പേജില്‍ എഴുതിവച്ച ശേഷമാണ് ജീവ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ അമ്മ ജോലിക്ക് പോയിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇളയസഹോദരി ട്യൂഷന് പോയിരുന്നു. ഈ സമയത്ത് അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജിത ട്യൂഷന്‍ കഴിഞ്ഞെത്തി ജീവയെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കിയതോടെയാണ് ജീവയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുറിയുടെ വാതില്‍ തകര്‍ത്ത് കുട്ടിയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് ജീവ മോഹന്‍ പ്ലസ് വണ്‍ പ്രവേശനം നേടിയത്. എന്നാല്‍ പ്ലസ് വണ്‍ പഠനത്തില്‍ പിന്നോക്കം പോയി. പൊതുപരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയില്ലെന്ന ഭീതി ജീവയെ ബാധിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു. താന്‍ മൊബൈല്‍ ഫോണിന് അടിമയാണെന്നും അനിയത്തിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍ പറയുന്നു. കൊറിയന്‍ ബാന്‍ഡുകളുടെ സംഗീത പരിപാടികള്‍ കണ്ടിരുന്നതായി ഫോണ്‍ പരിശോധിച്ച പോലീസും പറയുന്നു.

അതേസമയം, മരിച്ച ജീവ മോഹന്‍ സാമൂഹികമാധ്യങ്ങളില്‍ അധികസമയം ചിലവഴിച്ചിരുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജീവയുടെ അച്ഛന്‍ അഞ്ച് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ