ഞാന്‍ എങ്ങനെ പ്രതിയായി?; എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് പി സി ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 12:58 PM  |  

Last Updated: 09th June 2022 12:58 PM  |   A+A-   |  

pc george

പി സി ജോര്‍ജ് / ഫയല്‍ ചിത്രം

 

കോട്ടയം: കെ ടി ജലലീലിന്റെ പരാതിയില്‍ സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായെന്ന് മനസ്സിലാകുന്നില്ലെന്ന് പി സി ജോര്‍ജ്. കേസില്‍ രണ്ടാം പ്രതിയാണ് താന്‍. എന്നാല്‍ എങ്ങനെയാണ് താന്‍ പ്രതിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്‌നമെന്നും പി സി ജോര്‍ജ് പറഞ്ഞു. ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഒരായിരം കേസെടുക്കണമെന്ന് പി സി ജോർജ് പറഞ്ഞു. 

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തുന്ന പ്രസ്താവനക്കെതിരേ കേസെടുക്കാനാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തും? ഒരു സ്ത്രീയെ 16 മാസം ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിച്ച ചരിത്രം അവര്‍ പറഞ്ഞു. അവര്‍ ഒരു കുറിപ്പ് തന്നു, അതില്‍ പറഞ്ഞ കാര്യം പത്രക്കാര്‍ക്ക് കൊടുത്തു. അതാണ് താന്‍ ചെയ്ത മഹാപാപം.

കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന പലര്‍ക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എതിരേ അടക്കം ആരോപണമുണ്ടായിട്ടുണ്ട്. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനോ ഭാര്യക്കോ മക്കള്‍ക്കോ എതിരേ ആരോപണം വന്നിട്ടില്ല. മുഖ്യമന്ത്രി താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണെന്ന് പി സി ജോര്‍ജ് ചോദിച്ചു.

സ്വപ്‌നയുടെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. പിണറായിക്ക് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ പി ജയരാജനാകാനാണ് സാധ്യതയെന്നും പി സി ജോർജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണം'; ഭീഷണിയുമായി ഷാജി കിരണ്‍ വന്നു; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ