വാഹന ഉടമകളുടെ മൊബൈലിൽ അടിയന്തരമായി അപകട സന്ദേശം എത്തും; സുരക്ഷാ-മിത്ര സംവിധാനം റെഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 06:15 PM  |  

Last Updated: 09th June 2022 06:15 PM  |   A+A-   |  

VEHICLE INSURANCE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ- മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന സഞ്ചാര വേളയിൽ അസ്വഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. 

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ  (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്എംഎസ് ആയി ലഭിക്കും. വാഹനം അപകടത്തിൽപെട്ടാലോ ഡ്രൈവർമാർ അമിതവേഗത്തിൽ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ എസ്എംഎസ് ആയും ഇ-മെയിൽ ആയും അലർട്ടുകൾ ലഭിക്കും. സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഉടമകൾക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. 

ഉപകരണം ഘടിപ്പിക്കുന്ന അവസരത്തിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലും ആണ് അലർട്ട് സന്ദേശം എത്തുന്നത്. നമ്പരിലും ഇ-മെയിൽ ഐഡിയിലും മാറ്റം വന്നാൽ surakshamitr@cdac.in  എന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തണം.

നിർഭയ പദ്ധതി പ്രകാരം കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകടരഹിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബൈക്ക് അപകടത്തില്‍പ്പെട്ടു, ലിഫ്റ്റ് ചോദിച്ചയാളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ