മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍; സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു
സ്വപ്‌ന സുരേഷ്/ ഫയല്‍
സ്വപ്‌ന സുരേഷ്/ ഫയല്‍

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. കോടതി ഇടപെട്ട് നീതിപൂര്‍വകമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ സ്വപ്‌ന ആവശ്യപ്പെടുന്നു. 

പി സി ജോര്‍ജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, കലാപമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റാണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത് ജലിലിട്ട് പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്വപ്‌ന ഹര്‍ജിയില്‍ ആരോപിക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും പി എസ് സരിത്തും മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ ഇന്നലെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയത്. 

എന്നാല്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു മാത്രമാണ് ചോദ്യം ചെയ്തതെന്ന് സരിത്ത് വെളിപ്പെടുത്തിയിരുന്നു. അതിനിടെ സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറുമെന്ന് വിജിലന്‍സ് അറിയിച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരിത്തിന്റെ മൊബൈല്‍ പിടിച്ചെടുത്തത്. ഇത് തിരുവനന്തപുരം ഫോറന്‍സിക് ലാബിന് കൈമാറും. 

ലൈഫ് മിഷന്‍ കേസിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഫോറന്‍സിക് പരിശോധന നടത്തുന്നതെന്നാണ് വിജിലന്‍സ് വിശദീകരിക്കുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ കാലത്ത് ഈ ഫോണ്‍ അല്ല ഉപയോഗിച്ചിരുന്നതെന്നാണ് സരിത്ത് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com